Thursday, December 30, 2010

20 മെയ് 2004

വെറുതെയിരുന്നപ്പോള്‍ ഞാന്‍ ഒരു കഥയെഴുതി തീര്‍ത്തു.
"മാലാഖ" യെന്ന് അതിന് പേരിട്ടു.
നാളെ പകര്‍ത്തിയെഴുത്ത് തുടങ്ങണം.
ദേവരാജന്‍സാര്‍‍ കഥ വായിച്ചു.
നല്ല അഭിപ്രായം പറഞ്ഞു.
നാരായണനോട് കഥയുടെ സാരാംശം പറയുകയും ചെയ്തു.
അവനും അതിഷ്ടപ്പെട്ടു.
അങ്ങനെയിരിക്കെയാണ് ദേവരാജന്‍സാറിന്റെ പ്രവചനം വന്നത്.
അദ്ദേഹം എന്റെ കാല്‍ സസൂക്ഷ്മം വീക്ഷിച്ചു.
"വെച്ചടി കയറ്റമാ".
സന്തോഷം. പക്ഷെ പുളു.
"അല്ലെങ്കില്‍ എഴുതി വച്ചോ ഞാന്‍‌ പയുന്നത് സംഭവിച്ചിരിക്കും."
ഞാന്‍‌‍ ചിരിച്ചു.
"നിങ്ങളില്‍ ഒരുപാട് ലക്ഷണങ്ങളുണ്ട്. പത്തു വര്‍‍‌ഷത്തിനുള്ളില്‍ നിങ്ങള്‍ വലിയൊരു പൊസിഷനിലെത്തും."
എവിടുന്ന്?
"സാഹിത്യത്തിലൂടെയൊക്കെ നിങ്ങളൊരുപാട് വളരും."
സന്തോഷം. മുഖസ്തുതിയാണെങ്കിലും!
അനന്തരം ഞങ്ങള്‍ ബഷീറിന്റെ കല്യാണത്തിനു പോയി.
നായനാര്‍ മരിച്ചതു കാരണം ഇന്ന് ഓഫീസ് ലീവയിരുന്നു.

Tuesday, December 28, 2010

12 ഏപ്രില്‍ 2004

നാലരയ്ക്ക് ഉണര്‍ന്നു.
ഡയറി എഴുതി.
സാധനസാമഗ്രികള്‍ എടുത്ത് ആറുമണിയുടെ ബസ്സില്‍ കയറി കാഞ്ഞങ്ങാടേയ്ക്ക്.
പ്രേമനെ കണ്ടു.
അവിടെനിന്നും ഒരു ഉറക്കം കഴിഞ്ഞപ്പോള്‍ കാസര്‍ഗോഡ്.
മൂത്രശങ്ക തീര്‍‌ത്ത് കുമ്പളയിലേക്ക്.
ഞാന്‍ കെ. എസ്. ആര്‍.ടി. സി. സ്റ്റാന്റില്‍‍ നിന്നുമാണ് കയറിയത്. പ്രൈവറ്റ് സ്റ്റാന്റില്‍ ചെന്നപ്പോള്‍ ഏഴു പെണ്‍കുട്ടികള്‍ ബസ്സിലേയ്ക്ക് ഇരച്ചു കയറി. ഞാന്‍ പുറകിലത്തെ സീറ്റില്‍ ഏകന്‍; മറ്റൊരു സീറ്റും ഒഴിവില്ല. അവര്‍ ഏഴു പേരും "എന്റെ" സീറ്റില്‍ ഇരുന്നു.
ഞാന്‍ ഒരു വശത്തു ഞെരുങ്ങിപ്പോയി. എന്നെ തൊട്ടിരുന്ന പെണ്‍കുട്ടി ചിരിച്ചു. ഞാനും ചിരിച്ചു. എനിക്കൊന്നും സംസാരിക്കാന്‍ ഇല്ലായിരുന്നു. അവരും ഒന്നും സംസാരിച്ചില്ല. അവര്‍ മംഗലാപുരത്തേക്ക് പോവുകയാണ്. അവര്‍ എന്നേപ്രതി എന്തോ കമന്റുകള്‍ പറഞ്ഞു ചിരിച്ചു.
ഇറ്ങ്ങാന്‍നേരം ഒരു പെണ്‍കുട്ടി പറഞ്ഞു.
"പാവത്തെ ഞെക്കി ഞെക്കി കുമ്പളയില്‍ ഇറക്കിവിട്ടു."
ഞാനത് കേട്ടതായി ഭാവിച്ചില്ല.
ഇനിയവര്‍ ഞെങ്ങിഞെരുങ്ങാതെ സുഖമായി യാത്രചെയ്തുകൊള്ളട്ടെ. ഞാന്‍ പടിയില്‍നിന്ന് ഇറങ്ങാന്‍‌നേരം അവരെയാകെ ഒന്നു നോക്കി.
തൊട്ടിരുന്ന പെണ്‍കുട്ടി ഒരു ചിരി തന്നു.
ഞാന്‍‌ ചിരിച്ചില്ല
ഞാന്‍ ഇറങ്ങി.
ബസ്സിലേയ്ക്ക് മറ്റൊരു ജനക്കൂട്ടം ഇരച്ചു കയറി.

Friday, October 29, 2010

03 ഏപ്രില്‍ 2004

അസഹ്യമായ വെയിലില്‍ മഴ കൊതിച്ച് നാവു ചുരുണ്ടുപോയി.
ഉച്ചക്ക് നാസറിച്ചയോടൊത്ത് വെട്ടുവഴിയിലൂടെ നടന്നു.
ഇലക്ട്രിസിറ്റി ബോര്‍ഡുകാരുടെ പാച്ചലും ലൈന്‍വലിയും.
ലൈനുകള്‍‌‍ക്കായി ആ മരത്തിന്റെ കൊമ്പും വെട്ടപ്പെടുകയാണ്. മാഞ്ഞു പോകുന്ന തണല്‍‌.
തണല്‍; ഉലയുന്ന കൊമ്പിനു താഴെ വളഞ്ഞ വെട്ടുവഴിയില്‍ കിടന്നു പിടയുകയാണ്. തണലിന്റെ മരണം. തണുപ്പിന്റെയും.
മരണത്തിനും ശവസംസ്കാരത്തിനുമായി ആകെ ഒറ്റ നിമിഷം മാത്രം!
ഇനി പുനര്‍‌ജനനത്തിനോ?
കാലങ്ങള്‍...
പലപ്പോഴും തണല്‍‌‌‌വിരിച്ചു നിന്ന മരങ്ങളുടെ സ്ഥാനത്ത് തണുപ്പിനെ തന്റെ ചുട്ടുപഴുത്ത ഗര്‍ഭപാത്രത്തില്‍ അട്ടിയിട്ടു സൂക്ഷിച്ച് കോണ്‍ക്രീറ്റ് കൂടാരങ്ങള്‍.
അത് തണലിന്റെ പുനര്‍ജന്മ‌മാണോ?
ചോദ്യം മാത്രം.
ഉത്തരം വെന്തുവിളറിയ ഒരു പുഞ്ചിരി.

Thursday, October 28, 2010

6 ഏപ്രില്‍ 2004

'വിഷുക്കണി'ക്കുവേണ്ടിയുള്ള രചന പാചകദശയിലാണ്.
ഞുറുക്കിത്തീരാത്ത ഇറച്ചിത്തുണ്ടങ്ങള്‍.
അരിഞ്ഞു തീരാത്ത പച്ചക്കറികള്‍.
ഒടുവില്‍ എല്ലാം നാരായണവചനം പോലെ ചക്കക്കറിയാവും.
ഉപ്പിടണോ പഞ്ചസാരയിടണോ എന്ന ശങ്കയിലാണു ഞാന്‍.
ഒരല്പം കയ്പുനീരായലോ?
ഒന്നിനും വയ്യ.
ഇപ്പോള്‍ എഴുത്തു തുടങ്ങിയിട്ടു രണ്ടുമണിക്കൂറിലേറെയായി.
കഥയുടെ ഒരുതാളു മറിഞ്ഞില്ല.
കവിത ഒരുവരി പോലും കുറുകിയില്ല.
തല്‍‌ഫലമായി ഞാന്‍ മാറിമറി ചിന്തിച്ചു.
എനിക്കു കഥയെഴതാനുള്ള കഴിവില്ല.
എനിക്കു കവിതയെഴുതാനുള്ള കഴിവില്ല.
ഇതൊക്കെ ഒരു ചോരത്തിളപ്പിന്റെ കാലമാണ്.
ഈ നേരങ്ങളില്‍ എന്തൊക്കെ തോന്നാം.
പക്ഷേ...
പ്രദീപ് സാറിനു വാക്കുകൊടുത്തില്ലേ.
ഞാന്‍ പണ്ടേതോ ഓട്ടോഗ്രാഫില്‍ എഴുതി.
"വാക്കിലൊതുക്കിയ സ്നേഹം
കീറപ്പഴന്തുണി പോലെ
എടുത്താലുമുടുത്താലും കീറും."
ഇങ്ങനെ നോക്കിയാല്‍ എന്താ ഒരു വിഷാദം.
എഴുതി നോക്കുക. അത്രതന്നെ.
സ്നേഹത്തിന്റെ കഥയും
മരണത്തിന്റെ കവിതയും എന്നില്‍ തിളച്ചു മറിയുന്നു.

18 ഓഗസ്റ്റ് 2004

അപ്പാപ്പന്റെ മരണം. അതു സംഭവിച്ചു കഴിഞ്ഞു. പത്തു ദിവസത്തിനു മുമ്പാണ് എന്നെ അപ്പാപ്പന്‍ കെട്ടിപ്പിടിച്ചത്. കവിളത്ത് പാതിജീവന്‍കൊണ്ട് ചുംബിച്ചത്.
തുമ്പി എന്ന കഥ ഞാന്‍ എഴുതി തീര്‍ന്നില്ല. അതിന്റയവസാനം നിശബ്ദ്മായൊരു കാലത്തിനു ശേഷം തുമ്പി വരുന്നുണ്ട്.
അപ്പൂപ്പന്റെ (അപ്പാപ്പന്റെ) കുഴിമാടത്തിനരുകില്‍.
വാര്‍ദ്ധക്യം പൂണ്ട ചിറകുകള്‍ കൊരുത്ത് അതു കരഞ്ഞു.
കുട്ടാ- ഇനിയെന്ത് ഞാനും പൊയ്ക്കോട്ടേ?
കുഴിയിലേയ്ക്കു വീണ കുന്തിരിക്കമണികള്‍ക്കിടയില്‍ ചിറകുകള്‍ പൊഴിച്ച് തുമ്പി അനാദിയുടെ പടുകുഴിയിലേക്ക് എടുത്തു ചാടി.
ഇങ്ങനെ കഥയവസാനിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. തുമ്പി ജനിച്ചില്ല. മരിച്ചുമില്ല. എന്റെ മനസ്സിന്റെ താളുകളില്‍ അത് എഴുതപ്പെട്ടു.
അപ്പാപ്പന്‍ അപ്പാപ്പനായിരുന്നു. എനിക്കാ വലിയ മനസ്സിനോടു സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ലായിരുന്നു.


ആറരമണിക്ക് കാസറഗോഡു നിന്നും പുറപ്പെട്ടു. പത്തുമണിയായി മണ്ഡപത്തെത്തിയപ്പോള്‍.
ചെന്നപാടെ അപ്പാപ്പനെ ഒന്നു നോക്കി.
പിന്നെ മുത്തലിന്റെ സമയത്തും.
മെജോച്ചായനും ബിജോച്ചായനും വിങ്ങിവിങ്ങി കരയുന്നതുകണ്ടപ്പോള്‍ എനിക്കു സങ്കടം തോന്നി.
എനിക്കു കരയാന്‍ പോലും അര്‍ഹതയില്ലല്ലോ. എല്ലാവരും എന്നെ അളവറ്റു സ്നേഹിച്ചു. അപ്പാപ്പനും. എനിക്കു സ്നേഹം തിരിച്ചു കൊടുക്കാനുള്ള അറിവില്ലായിരുന്നു.
ഒരു തരത്തില്‍ അത്തരമൊരു ദുഃഖം മാത്രമേ അപ്പാപ്പന്റെ മരണത്തോടെ എനിക്കു തോന്നിയുള്ളു.
പിന്നെയൊരുതരം ആശ്വാസമാണ്. നമ്മുടെ കണ്‍വെട്ടത്തെ ദുരിതങ്ങളില്‍ നിന്നു രക്ഷപെട്ടോട്ടെ.
അപ്പുറത്ത് ദുരിതവും സന്തോഷവും സമാധാനവും ശവക്കോട്ടയും ഇല്ലാത്ത ഒരു ലോകം.
ചുംബിക്കാനുള്ള സമയമടുത്തപ്പോള്‍...
കുട്ടിക്കാലത്ത് അപ്പാപ്പന്റെ കൈകളില്‍ കിടന്നു നീന്തല്‍ പഠിക്കുകയായിരുന്നു.
അവധി ദിവസങ്ങളില്‍ അവിടെ ചെല്ലുമ്പോള്‍ കുഞ്ഞു കൈവെള്ളയില്‍ വച്ചുതരുന്ന അഞ്ചുരൂപയുടെയും പത്തുരൂപയുടെയും ലഹരിയിലായിരുന്നു.
ഞാന്‍ കരഞ്ഞില്ല.
ഞാന്‍ ചുംബിച്ചു.
പത്തു ദിവസത്തിനു മുമ്പ് പാതിബോധത്താല്‍ എനിക്കു തന്ന മുത്തത്തോടുള്ള കടപ്പാട് ഞാന്‍ അങ്ങനെയെങ്കിലും രേഖപ്പെടുത്തുകയായിരുന്നു.

Sunday, August 22, 2010

24 march 2004

മലയാളമനോരമ ദിനപത്രത്തില്‍ എം. മുകുന്ദന്‍ എഴുതുന്ന കോളം വായിച്ചു.
സ്ത്രീകഥാപാത്രങ്ങളോട് എഴുത്തുകാരനു തോന്നാവുന്ന പ്രണയവും രതിയും. അതായിരുന്നു വിഷയം. ഇടയ്ക്ക് വായനക്കാരനും ചര്‍ച്ചാഹേതുവാകുന്നുണ്ട്.
ഞാനെഴുതിയ കഥകളിലെ നായികമാരോട് എനിക്കും പ്രണയം തോന്നിയിട്ടുണ്ട്. (ദൈവകൃപയാല്‍ കഥകളൊന്നും വെളിച്ചം കണ്ടിട്ടില്ല. ഭാഗ്യം!)
ഞാന്‍ അവളോടൊപ്പം നടന്നു.
അവളോടൊപ്പം പുഴവക്കിലിരുന്നു കാറ്റുകൊണ്ടു.
ചില രാത്രിയില്‍ ശക്തമായ അഭിനിവേശത്തോടെ വാരിപ്പുണര്‍ന്നു.
മാത്രവുമല്ല.
ഞാനവള്‍ക്ക് പലരോടും സാമ്യം കല്പിച്ചു.
അവള്‍ കഥാപാത്രമായതില്‍ ദുഃഖിക്കുകയും ചെയ്തു.
മൈമുനയെ ഞാനും കണ്ടു.
ഞാനുമറിഞ്ഞു.
അവളുടെ നീലഞരമ്പോടിയ കൈകളില്‍ ഒന്നു തൊടുകയും ചെയ്തു.
ഒ. വി വിജയന്‍ 'വിശാലാക്ഷീ' എന്നു വിളിച്ചപ്പോള്‍ ഞാനും വിളിച്ചു.
ആമിനയെ കണ്ടു.
കഥാപാത്രങ്ങളോടുള്ള പ്രണയത്തിന്റെ കഥ പിന്നെയും നീളുന്നു.

23 march 2004

ആദ്യ പ്രണയം പോലെ തന്നെയാണ് ആദ്യ മഴയുടെ വരവും. അനുഭൂതിയുടെ തുല്യത!
പക്ഷേ അവള്‍ രാത്രിയാണല്ലോ വന്നത്.
ഞാന്‍ ഗാഢമായ ഉറക്കത്തിലായിരുന്നു.
അവള്‍ എന്റെ ജനലോരത്തു വന്ന് കുറുകുകയും മന്ദഹസിക്കുകയും ചെയ്തു.
ഞാനുണര്‍ന്നപ്പോള്‍ അവള്‍ നിലച്ചിരുന്നു.
എനിക്കു നഷ്‌ടമായ പ്രണയം പോലെ.
നഷ്‌ടമായ അനുഭൂതി.
അവളുടെ താളത്തില്‍ കുളിച്ചുകിടന്ന ചെങ്കല്‍ പാറകള്‍ക്കും. പാതയോരങ്ങള്‍ക്കും നവോന്‌മേഷം.
കാഴ്ച്ചയുടെ നിറവിലേയ്ക്ക് വെയില്‍ കനത്തപ്പോള്‍ പരന്ന മ്ലാനത ഈറനണിഞ്ഞ് തുളസികതിര്‍ ചൂടി എന്നിലേയ്ക്കു വന്ന ആദ്യ പ്രണയിനിയുടെ അന്ത്യമായി പരിണമിച്ചു.
ഞാന്‍ അവളെയും
അവള്‍ എന്നെയും കണ്ടില്ല.
അവള്‍ പോയിക്കഴിഞ്ഞപ്പോള്‍;
താഴെ വീണു കിടന്ന തുളസിക്കതിരില്‍
കാല്‍ പതിഞ്ഞപ്പോള്‍;
ഞാനറിഞ്ഞു. ചോര!
നഷ്‌ടബോധത്തിന്റെ രക്‌തം!
മഴ പിന്നെയും വരുന്നു
പുതുമകളുമായി എത്രയെത്ര പുതുമഴകള്‍!
ഞാനറിയാതെ എന്നെയറിയാതെ...
ഗാഢമായ ഉറക്കത്തില്‍ പ്രൗഢമായ പുഞ്ചിരിയുമായി അവള്‍ വരുന്നു.
പകല്‍ വെളിച്ചത്തിലെ അവളുടെ ചിരിക്കുമുമ്പില്‍ ഇളിഭ്യനും, നിസ്സഹായനുമായി ഞാന്‍ കുടപിടിച്ച് നീങ്ങുന്നു.

Sunday, July 25, 2010

march 12 2004

ഞാന്‍ കരുതുന്നു.
അയാല്‍ നല്ല മനുഷ്യനാണ്.
സേവ്യര്‍‍ മേസ്തിരി.
കണക്കുകളുടെ കടലാസുതുണ്ടുപരതുമ്പോള്‍ ഇരുന്നൂറുരൂപ എനിക്കു നഷ്ടപ്പെട്ടു.
കാറ്റിന്റെ സിരകളിലൂടെ അത് ബില്‍ഡിംഗിനു താഴേയ്ക്ക് വീണു.
ഏതോ തലപൊളിക്കുന്ന കണക്കുകളുടെ കളിയായതിനാല്‍ ഞാന്‍ അറിഞ്ഞില്ല.
അതയാള്‍ക്ക് കിട്ടി.
അതു തിരികെ ലഭിച്ചപ്പോള്‍ ഞാന്‍ ഏറെ സന്തോഷിച്ചു. കാരണം ആ ഇരുന്നൂറു രൂപയ്ക്ക് അര്‍‍ത്ഥങ്ങള്‍ പലതായിരുന്നു.
ഉച്ചയ്ക്ക് അയാള്‍ കല്ലുകെട്ടിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു.
'നിങ്ങളെപ്പോലത്തെ സത്യസന്ധരെ ഈ ലോകത്തു കാണുക ബുദ്ധിമുട്ടാണ്.'
അയാള്‍ ചിരിച്ചു.
വൈകുന്നേരം പറഞ്ഞു.
'നിങ്ങളെ മറക്കില്ല.'- ഞാന്‍.
'ഏയ് അതിന്'-
അയാള്‍ എന്റെ ദേഹത്തു തട്ടി.
അങ്ങനെയല്ല. നിങ്ങളെ മറക്കില്ലെന്ന് പറഞ്ഞുവെന്നേയുള്ളു.
'ശരി.'
'ശരി.'
ജീവിതത്തില്‍ സത്യസന്ധരെ കണ്ടെത്തുക ബുദ്ധിമുട്ടാണ്.
കണ്ടെത്തുമ്പോള്‍ ആസ്വദിക്കുകയെന്നതും.
ഇനി.
നാളെ.
നാളെയുടെ 'വക്രത' എന്നെ കരയിപ്പിക്കുന്നു.

Saturday, July 24, 2010

march 11 2004

അങ്ങനെ ഒരു നീണ്ട ദിനം കുഴപ്പങ്ങളൊന്നുമില്ലാതെ പോയി.
മലയാള മനോരമ ദിനപത്രത്തില്‍ വരുന്ന കെ. ജെ യേശുദാസിന്റെ കോളം വായിക്കാറുണ്ട്.
ഭക്തിയെപ്പറ്റിയും ദൈവത്തെപ്പറ്റിയും മതത്തെക്കുറിച്ചും അയാള്‍ നന്നായി എഴുതുന്നുണ്ട്.
ഓരോരോ ജല്പനങ്ങള്‍.
അന്തരാത്മാവില്‍ തിളയ്ക്കുന്ന കുറ്റപ്പെടുത്തലുകളിലാണല്ലോ ഓരോരുത്തരിലും യുക്തി ജനിക്കുന്നത്.
സത്യസന്ധമായ എഴുത്ത്.
സത്യമായ കണ്ടെത്തലുകള്‍.
പക്ഷെ, ഏതു പംക്തിയിലും ഏതു വേദിയിലും കെ. ജെ. യേശുദാസിന് മതസൗഹാര്‍ദ്ദത്തെക്കുറിച്ചു മാത്രമേ പറയാനുള്ളു.
ഏക ദൈവം. ഏക മതം. ഒരു വിശ്വാസം.
ചിലപ്പോള്‍ കടുത്ത ഈശ്വര വിശ്വസിയും ചിലപ്പോള്‍‍ നേര്‍ത്ത നിരീശ്വര വാദിയമാകുന്നു ഗന്ധര്‍വന്‍.
ഇന്നലെ വരെ യേശുദാസിനെ ഒരസാധാരണ മനുഷ്യനായാണ് ഞാന്‍ കണ്ടത്.
എന്നാലിന്ന് അസാധാരണ പാവം മനുഷ്യനായാണ് കാണന്നത്.
പാട്ടിലെ ഈ അസാധാരണത്വം ഒഴിച്ചാല്‍ ഏതാണ്ട് എന്നെപ്പോലെയൊക്കെത്തന്നെ.
'വ്യാഴ കാഴ്ച്ച'യ്ക്ക് നന്ദി.

മാര്‍ച്ച്‌ 5 2004

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക്കിസ്താനില്‍ പോയാലെന്ത്, പോയില്ലെങ്കിലെന്ത്?
അതല്ല കാര്യം.
കാര്യമിപ്പോള്‍ ഇന്ത്യ തിളങ്ങുന്നു എന്നതാണ്.
ഇന്ത്യ കത്തുന്നു എന്നതല്ലെ ശരി.
ഏകദേശം കത്തി തീര്‍ന്നു. അതുകൊണ്ടാവണം
ഇപ്പോള്‍ കനല്‍ കട്ടകള്‍ ബാക്കിയായി.
ഗുജറാത്തിലും മറ്റുമൊക്കെ...
രാജ്യത്താകമാനം ചാരവും-
തിളങ്ങുന്ന മതേതരത്വം കത്തിത്തീര്‍ന്ന് സ്പര്‍ദ വേരൂന്നിയ മരത്തിന് വളമായി തിളങ്ങുന്ന ചാരം.

Thursday, July 22, 2010

march 1 2004

കല്പ്പണി മേസ്തിരി സോജര്‍ സൈമണ്‍ ക്രിസ്റ്റോ ചോദിച്ചു, "എന്താണ് താങ്കള്‍ എപ്പൊഴുമിങ്ങനെ ചിന്തിച്ചു നടക്കുന്നത്?
ഞാന്‍ പറഞ്ഞു. "ലോകപ്രശസ്തരെല്ലാം ഇങ്ങനെ ചിന്തിച്ചു നടക്കുന്നവരായിരിക്കണം."
മിസ്റ്റര്‍ സൈമണ്‍ ക്രിസ്റ്റോ ചിരിക്കുന്നു.
ഒപ്പം പാഞ്ചന്‍ ക്രാസ്തയും തോമസ് ക്രാസ്തയും.
ഞാന്‍ വിശദീകരിച്ചു.
"ഞാന്‍ ചിലപ്പോഴൊരു ശാസ്ത്രഞ്ജന്‍, കവി, മൊത്തത്തിലൊരു സാഹിത്യകാരന്‍, ചിന്തകന്‍ ഒക്കെ ആകേണ്ട ആളായിരുന്നിരിക്കണം.
സാഹചര്യങ്ങളുടെ സമ്മര്‍ദം എന്നെയിങ്ങനെ ചിന്തിച്ചു നടക്കുന്നവന്‍ മാത്രമാക്കി മാറ്റി."
വളരെ നേരത്തേ പാട കെട്ടി പറ്റിച്ച ഉറക്കം രാവിലെ മുതല്‍ എന്നില്‍ ക്ഷീണമായി ഭവിച്ചു കൊണ്ടിരുന്നു.
എട്ടു മണിക്കു സൈറ്റില്‍.
സെല്ലാര്‍ ഫ്ലോര്‍ കോണ്‍ക്രീറ്റ് ഉണ്ടായിരുന്നു.
വാട്ടര്‍ ലെവല്‍ അവിടെ വല്ലാത്ത പ്രെശ്നമായിരുന്നു.
'ആറിഞ്ചിടം', 'ഒരിഞ്ചിടം', 'ഇഞ്ചില്ലാത്തിടം'.
അങ്ങനെ കുഞ്ഞും നാളില്‍ പഠിച്ച ഇഞ്ചുപടി പട്ടിക പോലും തികട്ടി വന്ന സമയം.
എന്തു ചെയ്യണമെന്നറിയാതെ
കാക്കയുണ്ടോ? മയിലുണ്ടോ? കുയിലുണ്ടോ?
മുയലുണ്ടോ എന്നു നോക്കിയിരിക്കെ
ആള്‍ക്കാര്‍ ഓട്ടം തുടങ്ങി.
കോണ്‍ക്രീറ്റ് പണിക്കാരും ഞാനും ഒഴികെ ബാക്കിയെല്ലാവരും ഓടി.
ഓട്ടത്തിന്‍ കഥ അറിയാതെ കോങ്ക്രീറ്റ് തുടങ്ങിക്കൊള്ളാന്‍ ഞാന്‍ ഓഡര്‍ കൊടുത്തു.
ഉടനടി രക്ഷകനെപ്പോലെ പ്രദീപ് സാര്‍ അവതരിച്ചു. ആഴങ്ങളും ആഴപ്പരപ്പുകളും കണ്ടു ഞെട്ടിപ്പോയ സാര്‍ മറ്റൊരു ഉപായത്തെപ്പറ്റി ചിന്തിച്ചു തുടങ്ങി. കുഴികളില്‍ മണല്‍ നിരത്തി അതിനു മുകളില്‍ കോണ്‍ക്രീറ്റ് ഇട്ടു കൊള്ളാന്‍ സവിനയം സാര്‍ പറഞ്ഞു. ഗ്രേറ്റ് ഐഡിയ! കഥ പറഞ്ഞു കാറ്റ് കൊണ്ടിരിക്കെയാണ് ഖലീല്‍ച്ച ഓട്ട്ത്തിന്‍ രഹസ്യവുമായ് എത്തിയത്.
ഒരു ബാല്യക്കാരിപ്പെണ്ണ് മുപ്പതടി താഴ്ച്ചയുള്ള കിണറ്റില്‍ തുള്ളി.
വേനല്‍ക്കാലം തുടങ്ങിയില്ലെ... എത്രയടി വെള്ളമുണ്ടെന്ന് നോക്കാന്‍ ചാടിയതാവണം. എന്തായലും ഫയര്‍ഫോഴ്‍സ് എത്തി.
അതു കണ്ടിട്ടാണ് ലെവന്മാര്‍ ഓടിയത്.
കിണറ്റിലെന്താ തീ പിടിച്ചോ?

19 ഫെബ്രുവരി 2004

തരാമെന്നു പറഞ്ഞതു തരാതിരുന്നപ്പോള്‍ ചോദിക്കാഞ്ഞത് വലിയ കോട്ടമായിപ്പോയെന്ന് ഇപ്പോള്‍ ഞാന്‍ ഖേദിക്കുന്നു.
സത്യം ഉണരട്ടെ!
ഓര്‍മ്മകള്‍ വിരിയട്ടെ.
ചിന്തകള്‍ പവിത്രമാകട്ടെ.
അങ്ങനെ പറഞ്ഞ വാക്ക് പ്രവര്‍ത്തിച്ചു ഫലിപ്പിക്കാന്‍ കെല്പുള്ളവരാകട്ടെ-എല്ലാവരും.

Friday, February 19, 2010

16 february 2004

ഇന്നു ഞാന്‍ പഠിച്ചത്.
"പറയേണ്ടതില്‍ നിന്നും ഒരക്ഷരമോ ഒരു മൂളലോ കൂടുതലാകരുത്.
ഒരു പുഞ്ചിരികൊണ്ട് നേട്ടമുണ്ടാക്കാന്‍‌ കഴിയുന്നിടത്ത് വെറുതെ പതിനായിരം മൗനം പണിതുയ൪ത്തരുത്.
ഒരു മൗനം ആവശ്യമുള്ളപ്പോള്‍ ഏകനായിരുന്ന് പ്രാ൪ത്ഥിക്കുക, ചിന്തിക്കുക.

മൗനം അന്തസ്സുറ്റതായി പണിയപ്പെടട്ടെ.
ആയിരം അട്ടഹാസങ്ങളെക്കാള്‍ ഒരു പുഞ്ചിരിക്ക്‌ കഴിവുണ്ട്.
കോടി സംസാരത്തെക്കാള്‍ ഒരു മൗനത്തിനും!"

Monday, February 15, 2010

12 February 2004

അങ്ങനെ ഈ ദിനവും കാലത്തിനു മുന്‍പില്‍
എനിക്കുവേണ്ടി അടിയറവു പറയുന്നു.

തെറ്റുകളില്‍ നിന്നും ചെറിയ ചെറിയ പിഴവുകളില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്.

ആ൪ക്കും വഴങ്ങരുത്.
ആരോടും കണ്ണടയ്ക്കരുത്.
മുഖ്യമായും,
ആരെയും വിശ്വസിക്കരുത്.

തങ്ങളുടെ ക൪മ്മം ചെയ്യുമ്പോള്‍ എതി൪ഭാഗത്തിന്‍റെ നീരസം കണക്കിലെടുക്കരുത്.
അവ൪ ധ൪മ്മം ചെയ്തുകൊള്ളുമെന്നത് പിന്നീട് പല൪ക്കും വ്യസനകരമായിത്തീരും.

ആരും ആ൪ക്കുവേണ്ടിയും ധ൪മ്മം അനുഷ്ഠിക്കുന്നില്ല.

സ്വന്തം വേല ലഘൂകരിക്കാനും സുഗമമാക്കാനും
അവ൪ മറ്റുള്ളവരുടെ കണ്ണില്‍ മണ്ണിടുന്നു.
പ്രീതി പറ്റാന്‍ പുഞ്ചിരിക്കുന്നു.

തെറ്റ് വിഷമാണ്‌. അത് തോലുറയിലടയ്ക്കപ്പെട്ട വീഞ്ഞു പോലെ,
കാലപ്പഴക്കം ചെല്ലുന്തോറും വീര്യം കൂടി വന്‍ നാശം വിതയ്ക്കും.

ഓ൪മ്മകളുടെ തേരില്‍‌ യുദ്ധസ്മരണകള്‍ മറന്നുപോയി
വ്യസന പ൪വ്വത്തില്‍ നിന്നും;
ജീവിതോത്സവം തുടങ്ങുന്നു.

ഇനി പ്രയാണമാണ്‌.
വെളുപ്പില്‍ കറുത്ത പൊട്ടുകള്‍ വീണ് വീണ് കറുപ്പിലലിയും വരെ
പ്രയാണം തന്നെ!

Thursday, February 11, 2010

5 February 2004

ഉമിനീരിനോടുള്ള ഭാവവൈരുദ്ധ്യം പോലെ തന്നെയാണ്‌ ഇന്ന് പലതും. ഒന്നില്‍നിന്നുതന്നെ നുണഞ്ഞിറക്കപ്പെടുകയും കാ൪ക്കിച്ചു തുപ്പപ്പെടുകയും ചെയ്യുന്നു.


ജീവിതവും ഏതാണ്ടിങ്ങനെ തന്നെ.
എന്‍റെ ചിന്തകളും.

Friday, February 5, 2010

29 January 2004

എന്‍റെ ഏകാന്തത എനിക്കു തിരിച്ചു കിട്ടും വരെ എന്‍റെ കവിതകള്‍...?

ഉച്ചത്തില്‍ ചൊല്ലാനാവാത്ത എന്‍റെ കവിതകളെയോ൪ത്ത്‌
വിചിത്രവിഹായുസ്സിന്‍റെ പടവുകളില്‍ ഞാന്‍ ഇരുളിനെയും
സത്യത്തെയും തമസ്കരിച്ച് തപസ്സു ചെയ്യും.

മൗനമായ തപസ്സ്!

സ൪ഗാത്മകത പുന൪ജ്ജനിയെ തേടുന്നു.
താളാത്മകത പ്രഗീതവദനത്തെയും.
ഏറ്റവും സുന്ദരമായ ദിവസത്തിന്‌ അങ്ങനെ അവസാനമാകുന്നു.

Monday, February 1, 2010

25 january 2004

ഞാന്‍ ആയിത്തീരേണ്ടതിനെക്കുച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. പക്ഷെ; ആയിത്തീരുന്നതിനെക്കുറിച്ച് ഈശ്വരന്‌ നന്നായറിയുകയും ചെയ്യാം! ഈ അറിവുകള്‍ക്കിടയില്‍ കിടന്ന് എന്‍റെ ജീവിതം പാഴാകുന്നു.

Wednesday, January 13, 2010

19 january 2004

ഓരോരുത്തരും അവനെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. സ്വന്തം ലാഭം മാത്രം നോക്കുന്നു. അതിനുവേണ്ടി ആരെയും എവിടെവച്ചും എങ്ങനെയും സ്നേഹിക്കുന്നു. അപ്പോള്‍ സ്നേഹം എത്രയോ കപടം.


മനുഷ്യ൯ അവന്‍റെ പുതിയ മുഖത്തിന് പേരിട്ടു. കച്ചവട മനസ്ഥിതി അഥവ ബിസിനസ്സ് മെന്‍റാലിറ്റി. അവിടെ ആ൪ക്കും ആരെയും സ്നേഹിച്ചു വഞ്ചിക്കാം.

Friday, January 1, 2010

1 january 2003

പുലരി...

പാടുവാനറിയുന്ന ഒരു കുയിലിനെ അത് തന്റെ കൂടാരത്തില്‍ നിന്നും തുറന്നു വിട്ടു. എനിക്കായി...

ഞാനതുകേട്ടുണ൪ന്നു.

ഉറക്കച്ചടവുള്ള കണ്ണുകളിലേക്ക് ജനുവരിയുടെ ശീതരക്തം കോറിയിട്ടു.

ഞാനറിയാതെ വിട൪ന്നുപോയ കണ്ണുകള്‍.
മിഴിയോലയില്‍ ഊയലാടുന്ന മഞ്ഞുതുള്ളികള്‍...

ഇന്നലെ...
പുതുവ൪ഷം ആഘോഷിക്കാ൯ ആരൊക്കെയോ ക്ഷണിച്ചു.
പടക്കവും മേളവും ...

ഞാ൯ വരുന്നില്ല! എങ്കിലും; തീ൪ത്തും!!
എനിക്ക് ശാന്തമായി ഉണരണം

1 january 2004

എന്തു വിശേഷപ്പെട്ട പുലരി?!

ഓരോ വ൪ഷാരംഭത്തിലും നാം കണ്ടെത്താനാഗ്രഹിക്കുക,പ്രസന്നമായ കണ്ണാടിപോലെ തെളിഞ്ഞ ജലം, ഉന്മേഷത്തിന്‍റെ തൊപ്പിയണിഞ്ഞ് നേ൪ത്തു മന്ദഹസിക്കുന്ന മുഖങ്ങള്‍, നല്ല തുടക്കത്തിനായി ത്രസിക്കുന്ന, കാലടികള്‍ കമനീയമാക്കാ൯ കൊതിക്കുന്ന അടിത്തളിരുകള്‍, കളകൂജനം.

കണ്ടെത്തുന്നതോ?

ഉറക്കച്ചടവുള്ള വാടിക്കരിഞ്ഞ മുഖങ്ങള്‍. എവിടെയും മദ്യത്തിന്‍റെ നിറമുള്ള ജലം. പാതി വിരിഞ്ഞ കണ്ണുകളില്‍ പരിഹാസവും കിളിക്കൊഞ്ചല്‍ കേള്‍ക്കാ൯ കൊതിക്കുന്ന കാതുകളില്‍ നിന്ദയും, പക്ഷെ, നാവുകള്‍ മാത്രം മധുരിമയോടെ തുടിക്കുന്നു 'ഹാപ്പി ന്യൂ ഇയ൪'.


ആഗ്രഹിക്കാത്ത സൗഭാഗ്യങ്ങള്‍ നമ്മെ തേടിയെത്തുന്നു, ആഗ്രഹിക്കാത്ത ദുരന്തങ്ങളും.