Showing posts with label ദൈനന്ദിനി. Show all posts
Showing posts with label ദൈനന്ദിനി. Show all posts

Thursday, November 14, 2013

12 july 2004


കോപം
അതെന്നെ ഭരിച്ചു.
നിരാശ എന്നെ മൂടിക്കളഞ്ഞു.
അപമൃത്യു വരിച്ച ആത്മാവിനെപ്പോലെ
ഞാന്‍ തലതാഴ്ത്തി.
അലഞ്ഞലഞ്ഞു ഒടുവില്‍ പുഞ്ചിരിയുടെ
കടലില്‍ ഇറങ്ങി.
എന്റെ ചുണ്ടുകളെ ഞാന്‍ തിരഞ്ഞു
എന്റെ കണ്ണുകളെ ഞാന്‍ തേടി.
എവിടെയാണ് എന്റെ പുഞ്ചിരി?
എന്റെ കവില്തടങ്ങളുടെ മഹത്വം
കളഞ്ഞുപോയി.
ഞാന്‍ ആയിരിക്കുന്ന പുഞ്ചിരി
ആരുടെതാണ്.
എന്നെ ഭരിക്കുന്ന കോപത്തെ
ഭരിക്കാന്‍ അതിനോടാരു പറഞ്ഞു.
എന്നെ മൂടിയ നിരാശയെ മൂടുവാന്‍
അതിനെങ്ങനെ കഴിഞ്ഞു...?

Friday, June 21, 2013

എന്തുകൊണ്ടോ എന്റെ ബുദ്ധിക്ക് വല്ലത്തൊരു മരവിപ്പ് സംഭവിക്കാ൯ തുടങ്ങിയിരിക്കുന്നു.

ഓ൪മ്മകള്‍ പാഞ്ഞു
ഓടലോടോടല്‍
പിന്നിലേയ്ക്കെന്താ-
ണിത്ര വേഗേനവെ
ചന്തമില്ലത്രെ...
ശപിച്ച ദിക്കെത്ര?
ദിക്കുമുട്ടുമ്പോള്‍
പിടഞ്ഞുപോ൦ ചിത്ത൦.
ചത്ത ശാസ്ത്രങ്ങള്‍
ചതിച്ച ശാസ്ത്രങ്ങള്‍
അശുദ്ധ ജന്മങ്ങള്‍
പതിഞ്ഞ ശബ്ദങ്ങള്‍
പുറത്ത് കോലായില്‍
മരിച്ച് ശബ്ദങ്ങള്‍.

ഓ൪മ്മകള്‍ക്കെന്തേ-
തിരിച്ചു വന്നാലെ൯-
ഓമനാള്‍ പാ൪ക്കു൦
മല൪വനിയിങ്കല്‍
ഓ൪മ്മയേ...വന്നോ ഹോ!
ഓ൪മ്മയേ... വന്നോ!!
പോയിടല്ലേ നീ
പോയിടല്ലേ വരൂ.


തലേന്നു കുറിച്ചിട്ട മേല്പ്പറഞ്ഞ ആശയങ്ങള്‍ക്ക് ഒരു രൂപമുണ്ടാക്കാ൯ പ്രയാസപ്പെട്ടു. രൂപരഹിതമായ വരികളില്‍ നിന്നു൦ രക്ഷപ്പെടുക അപ്രാപ്യമായ കാര്യമായിരുന്നു. എങ്ങനെയോ രക്ഷയുടെ വക്കോള൦ എത്തി.

Saturday, September 15, 2012

8 july 2004



താന്‍ എന്തൊക്കെയോ ആണ് എന്നഅതിനെക്കാള്‍
താന്‍ എന്തിനൊക്കെയോ ആണ് എന്നാ ബോധമാണ്
ഒരാള്‍ക്ക് ഉണ്ടാകേണ്ടത്.

ഓ൪മ്മകള്‍

എന്തുകൊണ്ടോ എന്റെ ബുദ്ധിക്ക് വല്ലത്തൊരു മരവിപ്പ് സംഭവിക്കാ൯ തുടങ്ങിയിരിക്കുന്നു.

ഓ൪മ്മകള്‍ പാഞ്ഞു
ഓടലോടോടല്‍
പിന്നിലേയ്ക്കെന്താ-
ണിത്ര വേഗേനവെ
ചന്തമില്ലത്രെ...
ശപിച്ച ദിക്കെത്ര?
ദിക്കുമുട്ടുമ്പോള്‍
പിടഞ്ഞുപോ൦ ചിത്ത൦.
ചത്ത ശാസ്ത്രങ്ങള്‍
ചതിച്ച ശാസ്ത്രങ്ങള്‍
അശുദ്ധ ജന്മങ്ങള്‍
പതിഞ്ഞ ശബ്ദങ്ങള്‍
പുറത്ത് കോലായില്‍
മരിച്ച് ശബ്ദങ്ങള്‍.

ഓ൪മ്മകള്‍ക്കെന്തേ-
തിരിച്ചു വന്നാലെ൯-
ഓമനാള്‍ പാ൪ക്കു൦
മല൪വനിയിങ്കല്‍
ഓ൪മ്മയേ...വന്നോ ഹോ!
ഓ൪മ്മയേ... വന്നോ!!
പോയിടല്ലേ നീ
പോയിടല്ലേ വരൂ.


തലേന്നു കുറിച്ചിട്ട മേല്പ്പറഞ്ഞ ആശയങ്ങള്‍ക്ക് ഒരു രൂപമുണ്ടാക്കാ൯ പ്രയാസപ്പെട്ടു. രൂപരഹിതമായ വരികളില്‍ നിന്നു൦ രക്ഷപ്പെടുക അപ്രാപ്യമായ കാര്യമായിരുന്നു. എങ്ങനെയോ രക്ഷയുടെ വക്കോള൦ എത്തി.


അങ്ങനെയിരിക്കെ ഒരു കഥ വിരിഞ്ഞു.
കഴുത്തുളുക്കിയവന്റെ കരിക്കുദാനം.

കഴുത്തുളുക്കിയ ഒരാള്‍ ക്ഷീണം മാറ്റാന്‍ കരിക്ക് വാങ്ങുകയും സ്ട്രോ ഇല്ലാത്തതിനാല്‍ അതിലെ പോയ ഒരു ഭിക്ഷക്കാരനു കൊടുക്കുകയും ചെയ്തു. ഉളുക്കിയ കഴുത്തുമായി ശരീരം തിരിച്ചു നടന്ന അയാള്‍ സമൂഹത്തിന്റെ ദുരവസ്ഥകള്‍ കാണാന്‍ വിധിക്കപ്പെടുകയാണ്. നേരെ കഴുത്തുള്ളപ്പോള്‍ അയാള്‍ ഒന്നും കണ്ടതുമില്ല, കാണാന്‍ ശ്രമിച്ചതുമില്ല. തിരിച്ചു ലോഡ്ജിലെത്തിയപ്പോള്‍ ഒരു നഗര ചാനല്‍ 'വേറിട്ട പരിപാടി' എന്ന പേരില്‍ നഗരത്തിലെ ഫ്രെഷായിട്ടുള്ള ചിലത് കാണിക്കുന്നെന്ന് അറിഞ്ഞു. താന്‍ കണ്ട ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് അയാള്‍ പ്രതീക്ഷിച്ചത്. അപ്പോള്‍ അതാ 'കഴുത്തുളുക്കിയവന്റെ കരിക്കുദാനം' എന്ന പേരില്‍ ക്യാമറ തന്റെ ചേഷ്ടകള്‍ ഒപ്പിയെടുത്തിരിക്കുന്നു.

വേദനയുടെ പാരമ്യത്തിലും അയാള്‍ക്ക്‌ ദു:ഖമോ നീരസമോ തോന്നിയില്ല.  ഒരുതരം ജഡത്വം.

Friday, February 3, 2012

29 മെയ്‌ 2004

ഇന്നലെകളുടെ ദൂരപരിധിയില്ലാത്ത സഞ്ചാരത്തില്‍
അലംഘനീയ നിയമങ്ങളുടെ വീര്‍പ്പുമുട്ടലുകളായിരുന്നു.
ഇന്നലെ, ഇന്ന്, ഇനി നാളെ.
എവിടെയോ ഉത്കണ്ട്ഃകളുടെ ഭാരം തകര്‍ത്തു കളിക്കുന്നു.
പരിക്ഷീണതയ്ക്ക് അറുതിയില്ല, അയവില്ല.
ശാലിനി പറഞ്ഞതു പോലെ ശരിക്കുമൊരു ഗാന്ധി.

ആലിയ ലോഡ്ജിനു മുകളില്‍ കോണ്‍ക്രീറ്റ്.
ഞാനവിടെ സൂപ്പര്‍ വൈസര്‍.
ചെറിയ തലവേദന.

ഞാന്‍ താഴേക്കു വിതയ്ക്കുന്നു. കൊയ്യുന്നു.
ഫലം കാഴ്ചകളായിരുന്നു.
'ഹസ്തരേഖാ ശാസ്ത്രം'
അവിടെ കൂടിക്കിടന്ന ചപ്പുചവറുകള്‍ക്കു മുന്‍പിലേയ്ക്ക് ഒരു ബാനര്‍ ഉയരുകയായിരുന്നു.
വിദ്യാഭ്യാസം, തൊഴില്‍, ആരോഗ്യം, ആയുസ്സ്, വിവാഹം, പ്രേമം.
അതു വായിച്ചുകൊണ്ടിരിക്കെ എന്നില്‍ ഒരു കഥ വിരിഞ്ഞു വന്നു.

Thursday, December 30, 2010

20 മെയ് 2004

വെറുതെയിരുന്നപ്പോള്‍ ഞാന്‍ ഒരു കഥയെഴുതി തീര്‍ത്തു.
"മാലാഖ" യെന്ന് അതിന് പേരിട്ടു.
നാളെ പകര്‍ത്തിയെഴുത്ത് തുടങ്ങണം.
ദേവരാജന്‍സാര്‍‍ കഥ വായിച്ചു.
നല്ല അഭിപ്രായം പറഞ്ഞു.
നാരായണനോട് കഥയുടെ സാരാംശം പറയുകയും ചെയ്തു.
അവനും അതിഷ്ടപ്പെട്ടു.
അങ്ങനെയിരിക്കെയാണ് ദേവരാജന്‍സാറിന്റെ പ്രവചനം വന്നത്.
അദ്ദേഹം എന്റെ കാല്‍ സസൂക്ഷ്മം വീക്ഷിച്ചു.
"വെച്ചടി കയറ്റമാ".
സന്തോഷം. പക്ഷെ പുളു.
"അല്ലെങ്കില്‍ എഴുതി വച്ചോ ഞാന്‍‌ പയുന്നത് സംഭവിച്ചിരിക്കും."
ഞാന്‍‌‍ ചിരിച്ചു.
"നിങ്ങളില്‍ ഒരുപാട് ലക്ഷണങ്ങളുണ്ട്. പത്തു വര്‍‍‌ഷത്തിനുള്ളില്‍ നിങ്ങള്‍ വലിയൊരു പൊസിഷനിലെത്തും."
എവിടുന്ന്?
"സാഹിത്യത്തിലൂടെയൊക്കെ നിങ്ങളൊരുപാട് വളരും."
സന്തോഷം. മുഖസ്തുതിയാണെങ്കിലും!
അനന്തരം ഞങ്ങള്‍ ബഷീറിന്റെ കല്യാണത്തിനു പോയി.
നായനാര്‍ മരിച്ചതു കാരണം ഇന്ന് ഓഫീസ് ലീവയിരുന്നു.

Tuesday, December 28, 2010

12 ഏപ്രില്‍ 2004

നാലരയ്ക്ക് ഉണര്‍ന്നു.
ഡയറി എഴുതി.
സാധനസാമഗ്രികള്‍ എടുത്ത് ആറുമണിയുടെ ബസ്സില്‍ കയറി കാഞ്ഞങ്ങാടേയ്ക്ക്.
പ്രേമനെ കണ്ടു.
അവിടെനിന്നും ഒരു ഉറക്കം കഴിഞ്ഞപ്പോള്‍ കാസര്‍ഗോഡ്.
മൂത്രശങ്ക തീര്‍‌ത്ത് കുമ്പളയിലേക്ക്.
ഞാന്‍ കെ. എസ്. ആര്‍.ടി. സി. സ്റ്റാന്റില്‍‍ നിന്നുമാണ് കയറിയത്. പ്രൈവറ്റ് സ്റ്റാന്റില്‍ ചെന്നപ്പോള്‍ ഏഴു പെണ്‍കുട്ടികള്‍ ബസ്സിലേയ്ക്ക് ഇരച്ചു കയറി. ഞാന്‍ പുറകിലത്തെ സീറ്റില്‍ ഏകന്‍; മറ്റൊരു സീറ്റും ഒഴിവില്ല. അവര്‍ ഏഴു പേരും "എന്റെ" സീറ്റില്‍ ഇരുന്നു.
ഞാന്‍ ഒരു വശത്തു ഞെരുങ്ങിപ്പോയി. എന്നെ തൊട്ടിരുന്ന പെണ്‍കുട്ടി ചിരിച്ചു. ഞാനും ചിരിച്ചു. എനിക്കൊന്നും സംസാരിക്കാന്‍ ഇല്ലായിരുന്നു. അവരും ഒന്നും സംസാരിച്ചില്ല. അവര്‍ മംഗലാപുരത്തേക്ക് പോവുകയാണ്. അവര്‍ എന്നേപ്രതി എന്തോ കമന്റുകള്‍ പറഞ്ഞു ചിരിച്ചു.
ഇറ്ങ്ങാന്‍നേരം ഒരു പെണ്‍കുട്ടി പറഞ്ഞു.
"പാവത്തെ ഞെക്കി ഞെക്കി കുമ്പളയില്‍ ഇറക്കിവിട്ടു."
ഞാനത് കേട്ടതായി ഭാവിച്ചില്ല.
ഇനിയവര്‍ ഞെങ്ങിഞെരുങ്ങാതെ സുഖമായി യാത്രചെയ്തുകൊള്ളട്ടെ. ഞാന്‍ പടിയില്‍നിന്ന് ഇറങ്ങാന്‍‌നേരം അവരെയാകെ ഒന്നു നോക്കി.
തൊട്ടിരുന്ന പെണ്‍കുട്ടി ഒരു ചിരി തന്നു.
ഞാന്‍‌ ചിരിച്ചില്ല
ഞാന്‍ ഇറങ്ങി.
ബസ്സിലേയ്ക്ക് മറ്റൊരു ജനക്കൂട്ടം ഇരച്ചു കയറി.

Sunday, August 22, 2010

24 march 2004

മലയാളമനോരമ ദിനപത്രത്തില്‍ എം. മുകുന്ദന്‍ എഴുതുന്ന കോളം വായിച്ചു.
സ്ത്രീകഥാപാത്രങ്ങളോട് എഴുത്തുകാരനു തോന്നാവുന്ന പ്രണയവും രതിയും. അതായിരുന്നു വിഷയം. ഇടയ്ക്ക് വായനക്കാരനും ചര്‍ച്ചാഹേതുവാകുന്നുണ്ട്.
ഞാനെഴുതിയ കഥകളിലെ നായികമാരോട് എനിക്കും പ്രണയം തോന്നിയിട്ടുണ്ട്. (ദൈവകൃപയാല്‍ കഥകളൊന്നും വെളിച്ചം കണ്ടിട്ടില്ല. ഭാഗ്യം!)
ഞാന്‍ അവളോടൊപ്പം നടന്നു.
അവളോടൊപ്പം പുഴവക്കിലിരുന്നു കാറ്റുകൊണ്ടു.
ചില രാത്രിയില്‍ ശക്തമായ അഭിനിവേശത്തോടെ വാരിപ്പുണര്‍ന്നു.
മാത്രവുമല്ല.
ഞാനവള്‍ക്ക് പലരോടും സാമ്യം കല്പിച്ചു.
അവള്‍ കഥാപാത്രമായതില്‍ ദുഃഖിക്കുകയും ചെയ്തു.
മൈമുനയെ ഞാനും കണ്ടു.
ഞാനുമറിഞ്ഞു.
അവളുടെ നീലഞരമ്പോടിയ കൈകളില്‍ ഒന്നു തൊടുകയും ചെയ്തു.
ഒ. വി വിജയന്‍ 'വിശാലാക്ഷീ' എന്നു വിളിച്ചപ്പോള്‍ ഞാനും വിളിച്ചു.
ആമിനയെ കണ്ടു.
കഥാപാത്രങ്ങളോടുള്ള പ്രണയത്തിന്റെ കഥ പിന്നെയും നീളുന്നു.

Saturday, July 24, 2010

march 11 2004

അങ്ങനെ ഒരു നീണ്ട ദിനം കുഴപ്പങ്ങളൊന്നുമില്ലാതെ പോയി.
മലയാള മനോരമ ദിനപത്രത്തില്‍ വരുന്ന കെ. ജെ യേശുദാസിന്റെ കോളം വായിക്കാറുണ്ട്.
ഭക്തിയെപ്പറ്റിയും ദൈവത്തെപ്പറ്റിയും മതത്തെക്കുറിച്ചും അയാള്‍ നന്നായി എഴുതുന്നുണ്ട്.
ഓരോരോ ജല്പനങ്ങള്‍.
അന്തരാത്മാവില്‍ തിളയ്ക്കുന്ന കുറ്റപ്പെടുത്തലുകളിലാണല്ലോ ഓരോരുത്തരിലും യുക്തി ജനിക്കുന്നത്.
സത്യസന്ധമായ എഴുത്ത്.
സത്യമായ കണ്ടെത്തലുകള്‍.
പക്ഷെ, ഏതു പംക്തിയിലും ഏതു വേദിയിലും കെ. ജെ. യേശുദാസിന് മതസൗഹാര്‍ദ്ദത്തെക്കുറിച്ചു മാത്രമേ പറയാനുള്ളു.
ഏക ദൈവം. ഏക മതം. ഒരു വിശ്വാസം.
ചിലപ്പോള്‍ കടുത്ത ഈശ്വര വിശ്വസിയും ചിലപ്പോള്‍‍ നേര്‍ത്ത നിരീശ്വര വാദിയമാകുന്നു ഗന്ധര്‍വന്‍.
ഇന്നലെ വരെ യേശുദാസിനെ ഒരസാധാരണ മനുഷ്യനായാണ് ഞാന്‍ കണ്ടത്.
എന്നാലിന്ന് അസാധാരണ പാവം മനുഷ്യനായാണ് കാണന്നത്.
പാട്ടിലെ ഈ അസാധാരണത്വം ഒഴിച്ചാല്‍ ഏതാണ്ട് എന്നെപ്പോലെയൊക്കെത്തന്നെ.
'വ്യാഴ കാഴ്ച്ച'യ്ക്ക് നന്ദി.

Thursday, July 22, 2010

march 1 2004

കല്പ്പണി മേസ്തിരി സോജര്‍ സൈമണ്‍ ക്രിസ്റ്റോ ചോദിച്ചു, "എന്താണ് താങ്കള്‍ എപ്പൊഴുമിങ്ങനെ ചിന്തിച്ചു നടക്കുന്നത്?
ഞാന്‍ പറഞ്ഞു. "ലോകപ്രശസ്തരെല്ലാം ഇങ്ങനെ ചിന്തിച്ചു നടക്കുന്നവരായിരിക്കണം."
മിസ്റ്റര്‍ സൈമണ്‍ ക്രിസ്റ്റോ ചിരിക്കുന്നു.
ഒപ്പം പാഞ്ചന്‍ ക്രാസ്തയും തോമസ് ക്രാസ്തയും.
ഞാന്‍ വിശദീകരിച്ചു.
"ഞാന്‍ ചിലപ്പോഴൊരു ശാസ്ത്രഞ്ജന്‍, കവി, മൊത്തത്തിലൊരു സാഹിത്യകാരന്‍, ചിന്തകന്‍ ഒക്കെ ആകേണ്ട ആളായിരുന്നിരിക്കണം.
സാഹചര്യങ്ങളുടെ സമ്മര്‍ദം എന്നെയിങ്ങനെ ചിന്തിച്ചു നടക്കുന്നവന്‍ മാത്രമാക്കി മാറ്റി."
വളരെ നേരത്തേ പാട കെട്ടി പറ്റിച്ച ഉറക്കം രാവിലെ മുതല്‍ എന്നില്‍ ക്ഷീണമായി ഭവിച്ചു കൊണ്ടിരുന്നു.
എട്ടു മണിക്കു സൈറ്റില്‍.
സെല്ലാര്‍ ഫ്ലോര്‍ കോണ്‍ക്രീറ്റ് ഉണ്ടായിരുന്നു.
വാട്ടര്‍ ലെവല്‍ അവിടെ വല്ലാത്ത പ്രെശ്നമായിരുന്നു.
'ആറിഞ്ചിടം', 'ഒരിഞ്ചിടം', 'ഇഞ്ചില്ലാത്തിടം'.
അങ്ങനെ കുഞ്ഞും നാളില്‍ പഠിച്ച ഇഞ്ചുപടി പട്ടിക പോലും തികട്ടി വന്ന സമയം.
എന്തു ചെയ്യണമെന്നറിയാതെ
കാക്കയുണ്ടോ? മയിലുണ്ടോ? കുയിലുണ്ടോ?
മുയലുണ്ടോ എന്നു നോക്കിയിരിക്കെ
ആള്‍ക്കാര്‍ ഓട്ടം തുടങ്ങി.
കോണ്‍ക്രീറ്റ് പണിക്കാരും ഞാനും ഒഴികെ ബാക്കിയെല്ലാവരും ഓടി.
ഓട്ടത്തിന്‍ കഥ അറിയാതെ കോങ്ക്രീറ്റ് തുടങ്ങിക്കൊള്ളാന്‍ ഞാന്‍ ഓഡര്‍ കൊടുത്തു.
ഉടനടി രക്ഷകനെപ്പോലെ പ്രദീപ് സാര്‍ അവതരിച്ചു. ആഴങ്ങളും ആഴപ്പരപ്പുകളും കണ്ടു ഞെട്ടിപ്പോയ സാര്‍ മറ്റൊരു ഉപായത്തെപ്പറ്റി ചിന്തിച്ചു തുടങ്ങി. കുഴികളില്‍ മണല്‍ നിരത്തി അതിനു മുകളില്‍ കോണ്‍ക്രീറ്റ് ഇട്ടു കൊള്ളാന്‍ സവിനയം സാര്‍ പറഞ്ഞു. ഗ്രേറ്റ് ഐഡിയ! കഥ പറഞ്ഞു കാറ്റ് കൊണ്ടിരിക്കെയാണ് ഖലീല്‍ച്ച ഓട്ട്ത്തിന്‍ രഹസ്യവുമായ് എത്തിയത്.
ഒരു ബാല്യക്കാരിപ്പെണ്ണ് മുപ്പതടി താഴ്ച്ചയുള്ള കിണറ്റില്‍ തുള്ളി.
വേനല്‍ക്കാലം തുടങ്ങിയില്ലെ... എത്രയടി വെള്ളമുണ്ടെന്ന് നോക്കാന്‍ ചാടിയതാവണം. എന്തായലും ഫയര്‍ഫോഴ്‍സ് എത്തി.
അതു കണ്ടിട്ടാണ് ലെവന്മാര്‍ ഓടിയത്.
കിണറ്റിലെന്താ തീ പിടിച്ചോ?

19 ഫെബ്രുവരി 2004

തരാമെന്നു പറഞ്ഞതു തരാതിരുന്നപ്പോള്‍ ചോദിക്കാഞ്ഞത് വലിയ കോട്ടമായിപ്പോയെന്ന് ഇപ്പോള്‍ ഞാന്‍ ഖേദിക്കുന്നു.
സത്യം ഉണരട്ടെ!
ഓര്‍മ്മകള്‍ വിരിയട്ടെ.
ചിന്തകള്‍ പവിത്രമാകട്ടെ.
അങ്ങനെ പറഞ്ഞ വാക്ക് പ്രവര്‍ത്തിച്ചു ഫലിപ്പിക്കാന്‍ കെല്പുള്ളവരാകട്ടെ-എല്ലാവരും.

Friday, January 1, 2010

1 january 2003

പുലരി...

പാടുവാനറിയുന്ന ഒരു കുയിലിനെ അത് തന്റെ കൂടാരത്തില്‍ നിന്നും തുറന്നു വിട്ടു. എനിക്കായി...

ഞാനതുകേട്ടുണ൪ന്നു.

ഉറക്കച്ചടവുള്ള കണ്ണുകളിലേക്ക് ജനുവരിയുടെ ശീതരക്തം കോറിയിട്ടു.

ഞാനറിയാതെ വിട൪ന്നുപോയ കണ്ണുകള്‍.
മിഴിയോലയില്‍ ഊയലാടുന്ന മഞ്ഞുതുള്ളികള്‍...

ഇന്നലെ...
പുതുവ൪ഷം ആഘോഷിക്കാ൯ ആരൊക്കെയോ ക്ഷണിച്ചു.
പടക്കവും മേളവും ...

ഞാ൯ വരുന്നില്ല! എങ്കിലും; തീ൪ത്തും!!
എനിക്ക് ശാന്തമായി ഉണരണം

1 january 2004

എന്തു വിശേഷപ്പെട്ട പുലരി?!

ഓരോ വ൪ഷാരംഭത്തിലും നാം കണ്ടെത്താനാഗ്രഹിക്കുക,പ്രസന്നമായ കണ്ണാടിപോലെ തെളിഞ്ഞ ജലം, ഉന്മേഷത്തിന്‍റെ തൊപ്പിയണിഞ്ഞ് നേ൪ത്തു മന്ദഹസിക്കുന്ന മുഖങ്ങള്‍, നല്ല തുടക്കത്തിനായി ത്രസിക്കുന്ന, കാലടികള്‍ കമനീയമാക്കാ൯ കൊതിക്കുന്ന അടിത്തളിരുകള്‍, കളകൂജനം.

കണ്ടെത്തുന്നതോ?

ഉറക്കച്ചടവുള്ള വാടിക്കരിഞ്ഞ മുഖങ്ങള്‍. എവിടെയും മദ്യത്തിന്‍റെ നിറമുള്ള ജലം. പാതി വിരിഞ്ഞ കണ്ണുകളില്‍ പരിഹാസവും കിളിക്കൊഞ്ചല്‍ കേള്‍ക്കാ൯ കൊതിക്കുന്ന കാതുകളില്‍ നിന്ദയും, പക്ഷെ, നാവുകള്‍ മാത്രം മധുരിമയോടെ തുടിക്കുന്നു 'ഹാപ്പി ന്യൂ ഇയ൪'.


ആഗ്രഹിക്കാത്ത സൗഭാഗ്യങ്ങള്‍ നമ്മെ തേടിയെത്തുന്നു, ആഗ്രഹിക്കാത്ത ദുരന്തങ്ങളും.

Thursday, December 17, 2009

13 january 2004

ഞാ൯ ഏറെ അസ്വസ്ഥതപ്പെട്ടിരിക്കുന്നു. ഒരു കവിതയുടെ വിഷയം മനസ്സില്‍ വരുമ്പോള്‍ അതില്‍ മരണമുണ്ടാവും. കഴിഞ്ഞയാഴ്ച എഴുതിയപ്പോഴും ഇങ്ങനെയൊരു ദുരവസ്ഥ എന്നെ പിടികൂടിയിരുന്നു.
ഞാ൯ എഴുതി:

'ഉമ്മറവാതിലില്‍ തൂങ്ങിക്കിടക്കുന്നു
മരണം ഉമ്മവയ്ക്കുവാനായ് വരുന്ന-
താണുതാണു നിലത്തിഴഞ്ഞൊ-
ച്ചയില്ലാതെ വരുന്നു.'

ഇങ്ങനെയൊക്കെ പലതും എഴുതിപ്പോകുന്നു. സിന്ധുചേച്ചിയോട് ഞാ൯ കാര്യം തുറന്നു പറഞ്ഞു. ചേച്ചി ഒന്നു ചിരിച്ചു അത്രതന്നെ.

ചിലപ്പോള്‍ എന്നില്‍നിന്നും മികച്ച എന്തോ പുറത്തു വരാനുണ്ടാവും.

അതായിരിക്കട്ടെ സത്യം.
അതുമാത്രമായിരിക്കട്ടെ സത്യം.

Wednesday, November 18, 2009

7 june 2003

ഒരു വലിയ നിരത്തിലൂടെ നീങ്ങുമ്പോള്‍ സ്വപ്നങ്ങളെ ധര്‍മ്മം കൊടുത്ത് നാം യാത്ര തുടരുന്നു. പിന്നെ ധര്‍മ്മം വാങ്ങിയവര്‍ അതിനെ അനുഭവിക്കുന്നു. അങ്ങനെ നാം സ്വതന്ത്രരാകുമ്പോള്‍ പുതിയ രൂപത്തില്‍, ഭാവത്തില്‍ സ്വപ്നം വന്നെത്തുന്നു. ഇതു വല്ലാത്തൊരു ചതിയാണ്‌. നമ്മളിലെ കര്‍മ്മനിരത൯ ഉണരുന്നതു വരെ സ്വപ്നങ്ങളെ മാറിമാറി പരീക്ഷിച്ചു നീങ്ങുന്നു.
ഇതു നമ്മെ സ്ഥായിയായ മരണമെന്ന സ്വപ്നത്തില്‍ എത്തിക്കുന്നു. ആ സ്വപ്നത്തിനു വേണ്ടിയുള്ള പ്രവ൪ത്തനം ക൪മ്മ നിരതന്റെ പ്രവ൪ത്തനമാണ്‌. ഈ സ്വപ്നത്തെ ധ൪മ്മം കൊടുക്കുക തരമില്ല. മന:സാക്ഷിയും അസ്ഥിത്വവും അതിന്റെ അവസാനത്തെ ചെയ്തികളില്‍ അതൊട്ടനുവദിക്കുകയും ഇല്ല.
അനുഭവിച്ചു തന്നെ തീ൪ക്കണം. ഒടുവില്‍ പൂ൪ണ്ണമായും സാക്ഷാല്‍കരിക്കപ്പെടുന്ന ഏക സ്വപ്നവും അതുതന്നെയെന്ന് നാം മനസ്സിലാക്കും.
അതുവരെ നാം കണ്ടവ
ഭിക്ഷുവിനും ഭിക്ഷാട൪ക്കും എറിഞ്ഞുകൊടുത്തവ
വഴിയോരത്ത് കിളി൪ത്തും പുഷ്പിച്ചും കായിച്ചും...
നാമതുകണ്ടു വെറുതേ അസ്വസ്ഥരാകേണ്ട. നമ്മുടെ മിഥ്യാബോധം നാമനുഭവിക്കാനിരിക്കുന്നതെല്ലാം വഴിയോരത്ത് കാണുമ്പോള്‍ വേവലാതിപ്പെടുന്നു. നമ്മളിലെ ക൪മ്മനിരതനെ അടക്കിനി൪ത്തി നാമതെല്ലാം എറിഞ്ഞു കളഞ്ഞതല്ലേ?
അറിയുക.
അവരനുഭവിക്കുക നാം കൊടുത്ത ഭിക്ഷയുടെ പൂ൪ത്തീകരണം മാത്രമാണ്‌. അവരുടെ സ്വപ്നങ്ങള്‍ വഴിയോരത്ത് കിളി൪ത്തും പുഷ്പിച്ചും കായിച്ചും. അവരും വെറുതെ അസ്വസ്ഥരാകുന്നു. അങ്ങനെ അവരും നാമും സ്ഥായിയായ പ്രപഞ്ചമൂല്യത്തിലെ പരമസത്യമായ അവസാന സ്വപ്നം അനുഭവിക്കുന്നു.
"നാം അനുഭവിക്കുന്നതെല്ലാം നമ്മുടെ ക൪മ്മഫലമല്ല. മറിച്ച് മറ്റാരുടേയോ ധ൪മ്മഫലമാണ്‌."

Tuesday, November 10, 2009

19 April 2003

ഇന്ന് പെസഹ ശനി! (ദു:ഖശനി) 'യുദ്ധ കുറ്റവാളി' എന്ന കവിതയെഴുതി ഈ അവധിദിനം  തൃപ്തികരമാക്കി.

ബാഗ്ദാദില്‍ നിന്നും ഒരെലി അമേരിക്കയിലെത്തുന്ന സാങ്കല്പ്പിക കഥ കവിതയാക്കാന്‍ ഒരുപാട്‌ കഷ്ടപ്പെട്ടു. എഴുതാനിരിക്കും മുന്‍പ് കരങ്ങള്‍ നഷ്ടപ്പെട്ട അലിയെന്ന ബാല്യം മാത്രമായിരുന്നു മനസ്സില്‍. അതിനോടൊന്ന്‌ പ്രതികരിക്കാ൯ ഞാന്‍ ഒരു വളഞ്ഞവഴി സ്വീകരിച്ചെന്നു മാത്രം . ഇത്‌ മാതൃഭൂമിക്കോ മറ്റോ അയച്ചുകൊടുത്താലോ എന്നുണ്ട്‌.
സമകാലികമല്ലേ?
ചിലപ്പോള്‍ വന്നാലോ!
ഇനി പത്രാധിപ൯ അതു കീറി കുപ്പയിലിട്ടാലും ഒട്ടും  ദു:ഖമുണ്ടാവില്ല. കാരണം  എന്റെ പ്രതി ഒരാളെങ്കിലും  വായിച്ചിട്ടുണ്ടാവുമല്ലോ എന്ന ആശ്വാസം .

Monday, November 9, 2009

21 january 2003

ഇന്നലെ ഞാ൯ പാതിമയക്കത്തില്
ഒരു പൈങ്കിളിയെ....
ഇങ്ങനെ പലതു൦...
ചിന്താധാരകള്ക്ക് എന്തോ ഒരു മരവിപ്പ്.
മയക്കത്തില് കണ്ട കൊമ്പുള്ള ദ൦ഷ്ട്രകളുള്ള സുന്ദരിയെക്കുറിച്ച് ഞാ൯ പകല് മുഴുവ൯ ചിന്തിച്ചു, തുട൪ച്ചയായി.

അതിരാവിലെ തുടങ്ങുന്ന യജ്ഞ൦ അവസാനിക്കുക രാത്രി നന്നേ വൈകിയാണ്.

ഒരു കുഴിമടിയനായ ഞാ൯ (ഞാനറിയാതെ) മാറുകയാണോ?!

Saturday, November 7, 2009

18 january 2003

ജീവിത൦ ഒരു മേളയാണെങ്കില്‍ ഞാ൯ അതിന്റെ ദീപശിഖയേന്താ൯ തിരഞ്ഞെടുക്കപ്പെട്ടവനാണ്(വിധിക്കപ്പെട്ടവ൯).
ശിഖയില്‍ എരിഞ്ഞമരുന്നത് നിറയെ ലക്ഷ്യങ്ങളാണ്.

'എന്റെ ജീവിത ലക്ഷ്യങ്ങള്‍'