Wednesday, November 18, 2009

7 june 2003

ഒരു വലിയ നിരത്തിലൂടെ നീങ്ങുമ്പോള്‍ സ്വപ്നങ്ങളെ ധര്‍മ്മം കൊടുത്ത് നാം യാത്ര തുടരുന്നു. പിന്നെ ധര്‍മ്മം വാങ്ങിയവര്‍ അതിനെ അനുഭവിക്കുന്നു. അങ്ങനെ നാം സ്വതന്ത്രരാകുമ്പോള്‍ പുതിയ രൂപത്തില്‍, ഭാവത്തില്‍ സ്വപ്നം വന്നെത്തുന്നു. ഇതു വല്ലാത്തൊരു ചതിയാണ്‌. നമ്മളിലെ കര്‍മ്മനിരത൯ ഉണരുന്നതു വരെ സ്വപ്നങ്ങളെ മാറിമാറി പരീക്ഷിച്ചു നീങ്ങുന്നു.
ഇതു നമ്മെ സ്ഥായിയായ മരണമെന്ന സ്വപ്നത്തില്‍ എത്തിക്കുന്നു. ആ സ്വപ്നത്തിനു വേണ്ടിയുള്ള പ്രവ൪ത്തനം ക൪മ്മ നിരതന്റെ പ്രവ൪ത്തനമാണ്‌. ഈ സ്വപ്നത്തെ ധ൪മ്മം കൊടുക്കുക തരമില്ല. മന:സാക്ഷിയും അസ്ഥിത്വവും അതിന്റെ അവസാനത്തെ ചെയ്തികളില്‍ അതൊട്ടനുവദിക്കുകയും ഇല്ല.
അനുഭവിച്ചു തന്നെ തീ൪ക്കണം. ഒടുവില്‍ പൂ൪ണ്ണമായും സാക്ഷാല്‍കരിക്കപ്പെടുന്ന ഏക സ്വപ്നവും അതുതന്നെയെന്ന് നാം മനസ്സിലാക്കും.
അതുവരെ നാം കണ്ടവ
ഭിക്ഷുവിനും ഭിക്ഷാട൪ക്കും എറിഞ്ഞുകൊടുത്തവ
വഴിയോരത്ത് കിളി൪ത്തും പുഷ്പിച്ചും കായിച്ചും...
നാമതുകണ്ടു വെറുതേ അസ്വസ്ഥരാകേണ്ട. നമ്മുടെ മിഥ്യാബോധം നാമനുഭവിക്കാനിരിക്കുന്നതെല്ലാം വഴിയോരത്ത് കാണുമ്പോള്‍ വേവലാതിപ്പെടുന്നു. നമ്മളിലെ ക൪മ്മനിരതനെ അടക്കിനി൪ത്തി നാമതെല്ലാം എറിഞ്ഞു കളഞ്ഞതല്ലേ?
അറിയുക.
അവരനുഭവിക്കുക നാം കൊടുത്ത ഭിക്ഷയുടെ പൂ൪ത്തീകരണം മാത്രമാണ്‌. അവരുടെ സ്വപ്നങ്ങള്‍ വഴിയോരത്ത് കിളി൪ത്തും പുഷ്പിച്ചും കായിച്ചും. അവരും വെറുതെ അസ്വസ്ഥരാകുന്നു. അങ്ങനെ അവരും നാമും സ്ഥായിയായ പ്രപഞ്ചമൂല്യത്തിലെ പരമസത്യമായ അവസാന സ്വപ്നം അനുഭവിക്കുന്നു.
"നാം അനുഭവിക്കുന്നതെല്ലാം നമ്മുടെ ക൪മ്മഫലമല്ല. മറിച്ച് മറ്റാരുടേയോ ധ൪മ്മഫലമാണ്‌."

No comments:

Post a Comment